Thursday, November 17, 2011

ജീവിതയാത്ര – 2 ശൈശവസ്മരണകൾ


ഏറ്റവും നിഷ്കളങ്കമായാണ് ഞാനിതെല്ലാം പറയുന്നത്. ഒരു കൈപ്പിഴയ്ക്ക് നൂറു കോടി രൂ‍പ പിഴയിടുന്ന ഇക്കാലത്ത് സ്വാഭാവികവും അകൈതവുമായ സത്യപ്രകാശനത്തിനു ലോകം എനിക്കെന്തു ശിക്ഷ വിധിക്കുമെന്നറിയില്ല. എങ്കിലും ഞാൻ ജീവിച്ചിരുന്നു എന്നു തെളിയിക്കാൻ എനിക്കെന്റെ സത്യം വെളിവാക്കിയേ പറ്റു.

 അപ്പോൾ നീ ചോദിക്കും എനിക്കു റേഷങ്കാർഡും പാങ്കാ‍ർഡുമൊന്നുമില്ലേന്ന്. ജീവിതം അതിലൊന്നുമില്ലെന്നും അതെല്ലാം ജീവിതത്തെ ഒറ്റുന്ന യാന്ത്രിക അടിമത്തത്തിന്റെ ഉല്പന്നമാണെന്നും ഞാൻ വിശ്വസിക്കുന്നു. ഒരു രൂപാ അരിയാണു അനേകരെ ജീവിപ്പിച്ചു നിറുത്തുന്നതെന്നും അതിനു സഹായകമായ റേഷങ്കാർഡാണു ജനാധിപത്യത്തിന്റെ ദാരിദ്ര്യരേഖ തുടങ്ങി സകല മാനകങ്ങളുടേയും ആണിക്കല്ലെന്നും നീ വാദിക്കുമെന്നറിയാം. നീ പറയുന്നതെല്ലാം ശരിയാണെന്നു സമ്മതിക്കുന്നതിനു എനിക്കു യാതൊരു മടിയുമില്ല. എങ്കിലും എനിയ്ക്കത്തരം ജീവിതം പോരാ.

എക്കാലത്തും എനിക്കു സ്വന്തമായ ഒരു ജീവിതമുണ്ടായിരുന്നു. സത്യമെന്നു കരുതിയതേ ഞാൻ ചെയ്തിട്ടുള്ളൂ. എന്നാൽ പുഴവെള്ളം ഒഴുകിപ്പോകുമ്പോലെ സത്യങ്ങളെല്ലാം ഒലിച്ചുപോയി പുതിയതു വന്നുകൊണ്ടിരിക്കുന്നു. പുതിയതൊന്നും പഴയതിനേക്കാൾ മികച്ചതെന്നോ മറിച്ചോ പറയാനുമാകില്ല. അതുകൊണ്ട് ഒരു ആത്മവിമർശനം കൂടിയാണ് ഈ സ്മരണകൾ.

എന്റെ ചെറുപ്പകാലത്തെ കുറിച്ച് മുതിർന്നവർ പലതുമൊക്കെ പറഞ്ഞ് പിന്നീട് ഞാൻ അറിഞ്ഞിട്ടുണ്ട്. അതൊന്നും ഞാൻ എന്റെ ജീവിതത്തെ വിലയിരുത്താൻ ഉപയോഗിക്കുന്നില്ല. യഥാർത്ഥത്തിൽ എനിക്കവ വിലപ്പെട്ടതായിരുന്നുവെങ്കിൽ ഞാൻ തന്നെ അവ ഓർമ്മിക്കുമായിരുന്നു. അവർ പറഞ്ഞറിഞ്ഞോർക്കുന്നതൊന്നും അകമേ പ്രിയങ്കരമായിരുന്നിരിക്കയില്ല നിശ്ചയം. ഞാൻ നിന്നോടു പറയുന്നതെല്ലാം ഞാൻ അനുഭവിച്ചതായി ഓർക്കുന്നവ മാത്രമാണ്.

എന്റെ സ്മരണയും ധിഷണയും കാര്യമായ തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഞാൻ ഇത് പറയാൻ മുതിരുന്നത്. ഇപ്പോളെങ്കിലും പറഞ്ഞില്ലെങ്കിൽ നിരന്തരം ഓർക്കാതിരിക്കുന്നവയ്ക്കിടയിലേക്ക് ഇക്കാര്യങ്ങളും കടന്നു കയറുമെന്നു ഞാൻ ഭയപ്പെടുന്നു. ഇതാണ് ശരിയായ കാലം, ഇതു മാത്രമാണ് ശരിയായ രീതിയും.

നിനക്കിതൊന്നും കേൾക്കാനിഷ്ടമില്ലെന്നെനിക്കറിയാം. നിർഭാഗ്യവശാൽ നിനക്കിഷ്ടമുള്ളതു പറയാൻ ഞാൻ സന്നദ്ധനുമല്ല. അതുകൊണ്ട് ക്ഷമിക്കുക എന്നു മാത്രം നമ്മുടെ സൌഹൃദത്തെ പ്രതി ഞാൻ നിന്നോട് യാചിക്കുന്നു.

എനിക്ക് ജീവിതത്തിൽ ആരോടെങ്കിലും ശത്രുത തോന്നിയതായി ഞാൻ ഓർമ്മിക്കുന്നില്ല. ഔദ്യോഗികമായി ചെയ്യേണ്ടതു വല്ലതും ചെയ്യുന്നതിന്റെ ഭാഗമായല്ലാതെ ആരോടും കർശനമായി ഇടപെടേണ്ടിയും വന്നിട്ടില്ല. എങ്കിലും സ്വാതന്ത്യത്തിനു കൂച്ചുവിലങ്ങു വീഴുമെന്നു ഭയന്ന കാലങ്ങളിലെല്ലാം ഞാൻ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന കാര്യത്തിലും അങ്ങനെ തന്നെ. അതുകൊണ്ട് ചിലരെല്ലാം എന്നെ അസഹിഷ്ണുവും പിടിവാശിക്കാരനുമായി വിശേഷിപ്പിക്കാറുണ്ട്. ആ വാക്കുകൾക്ക് എന്റെ ചില സ്വഭാവവിശേഷങ്ങളുമായി താരതമ്യം ചെയ്യാവുന്ന അർത്ഥങ്ങളുണ്ടായിരിക്കണം. തീർച്ചയായും അവർ അപ്രകാരം പറയുന്നതു അവരുടെ കുറ്റമായിരിക്കുവാൻ യാതൊരു ന്യായവുമില്ല തന്നെ.

ഞാൻ ഈ പറയുന്ന ഗുണദോഷങ്ങളൊന്നും എനിക്കുള്ളതായി നിനക്കു വിശ്വസിക്കാനായേക്കില്ല. അതൊന്നും നിന്റെ കുറ്റമല്ല വിടുവായനായി നിനക്കെന്നെ തോന്നിയാലും കുഴപ്പമില്ല, ഞാൻ എന്റെ പൂർവചരിത്രങ്ങൾ അത്ര വിശദമായി പ്രദിപാദിക്കാറില്ല. കുറ്റബോധം കൊണ്ടല്ല, മറിച്ച് പറയുന്ന നിമിഷം അതെല്ലാം നുണയായിത്തീരുമെന്ന ഭയത്താലത്രേ.

നേരു നുണയും നുണ നേരുമാകുന്ന പ്രതിഭാസം ചുരുങ്ങിയത് എന്റെ ജീവിതത്തിലെങ്കിലും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കയാണ്. ഉദാഹരണത്തിനു മറ്റേതൊരു ശിശുവിനേയും പോലെ മാതൃപാദങ്ങളോളം മാത്രം കണ്ണെത്താവുന്ന മുട്ടിലിഴയുന്ന ഒരു പ്രായം എനിക്കും ഉണ്ടായിരുന്നു. അമ്മയുടെ പാദം മാത്രം കാണാവുന്ന പരമനിസ്സഹായമായ ആ കാലത്തെ കുറിച്ച് ഓർമ്മിപ്പിക്കാനത്രേ കാക്കശ്ശേരി ഭട്ടതിരി സ്മരണീയം ചരണയുഗളമംബായാ എന്നു പറഞ്ഞതെന്നു ഞാൻ വിശ്വസിക്കുന്നു. അങ്ങനെയിരിക്കേ ഞാനിന്നും ദർശിക്കുന്ന ആ പരമബഹുമാന്യയായ മാതാവിന്റെ പാദങ്ങളെപ്രകാരമാണെന്നു എനിക്കിപ്പോളും ഓർക്കാനാകുന്നില്ല. എന്നാൽ ഞാൻ അമ്മയെന്നു വിളിച്ചു വന്ന എന്റെ മുത്തശ്ശിയുടെ പാദങ്ങൾ എനിക്കിപ്പോളും ഓർമ്മയിലുണ്ട്, എന്നാൽ ഇരുപത്തേഴു വർഷം മുമ്പുവരെ ഞാൻ നിത്യവും കണ്ടുവന്ന ആ മുഖമോ മറന്നിരിക്കുന്നു.

എനിക്കു രണ്ടര വയസ്സാകും വരെയുള്ള കാര്യങ്ങളെക്കുറിച്ചു കേട്ടറിവു മാത്രമേ ഉള്ളൂ എന്നതിനാൽ ഞാൻ ഒന്നും പ്രസ്താവിക്കുന്നില്ല. എന്റെ ശൈശവ സ്മരണകളിൽ സംഭവങ്ങളേക്കാൾ ദൃശ്യങ്ങളാണുള്ളത്. പണി പൂർത്തിയാകാത്ത വെട്ടുകല്ലുകൊണ്ടു പണിത ഒരു വീടിനു ചുറ്റും മരച്ചീനി എന്ന കൊള്ളിയും നാടൻ പയറും വളർന്നു നിൽക്കുന്ന പറമ്പിൽ ദിഗംബരനായോ ഒരു കുട്ടിട്രൌസറുമിട്ടോ റോന്തു ചുറ്റുന്നതാണ് ആദ്യ സ്മരണ. പറമ്പിന്റെ പടിഞ്ഞാറു ഭാഗത്ത് ഒരു വലിയ മൂവാണ്ടൻ മാവുണ്ട്. അതിൽ കാക്ക വന്നിരിക്കുമ്പോൽ ഒരു മാങ്ങ എനിച്ചു കാക്കേ എന്നു വിളിച്ചു കൂവുമായിരുന്നു ഞാൻ. നല്ല സ്നേഹമുള്ള കാക്കകളായിരുന്നു അവ. അഞ്ചും പത്തും മാങ്ങ കൊത്തിയിടാൻ അവയ്ക്കൊരു മടിയുമില്ല. ചിലപ്പോൾ ചേച്ചിയോ ചേട്ടനോ മാങ്ങ പെറുക്കാനുണ്ടാകും. അവരുടെ ഊഴം കഴിഞ്ഞേ എനിക്കു കിട്ടാറുള്ളെന്നു തോന്നുന്നു. ധാരാളം മാങ്ങകളുണ്ടായിരുന്നതിനാൽ ആർക്കും ആരെയും പരിഗണിക്കുക ആവശ്യമായിരുന്നില്ല.

മുവാണ്ടൻ മാവു നിൽക്കുന്നതിന്റെ പുറകിൽ ഞങ്ങൾ പെലിയുടെ വീട് എന്നു വിളിക്കുന്ന ഒരു ദലിത് ഗൃഹമായിരുന്നു. ഉഷ എന്നു പേരായ എന്നിലും മൂത്ത ഒരു കുട്ടി മാങ്ങ പെറുക്കാൻ വരുമായിരുന്നു. ഞങ്ങൾക്ക് വിട്ടിൽ നിന്നെത്തുന്നതിന്റെ മൂന്നിലൊന്നു ദൂരമേ അവർക്കു മാങ്ങപെറുക്കാൻ അവരുടെ വീട്ടിൽ നിന്നു വരേണ്ടി വരികയുള്ളൂ. അവർ കനാൽ പുറമ്പോക്കിലാണു താമസിച്ചിരുന്നത്. കനാലിൽ ആഴ്ചയിൽ മൂന്നു ദിവസം വെള്ളം വരുമായിരുന്നു. അന്നൊന്നും എന്നെ അവിടെ കൊണ്ടുപോകുമായിരുന്നില്ല. പലപ്പോളും ആവശ്യമില്ലാത്ത വസ്തുക്കൾ കനാലിലേക്കു വലിച്ചെറിയുന്നത് അകലെ നിന്നു ഞാൻ കണ്ടിട്ടുണ്ട്.

വീടിനു മുൻവശത്തു ഒരു മാവുണ്ടായിരുന്നത് കശുമാവായിരുന്നിരിക്കണം. വീടിനു മേടം രാശിയിൽ ഒരു കിണറ് അക്കാലത്തു കുത്തിയതിനു പണിക്കു കൊണ്ടു വന്ന ആലാസ്സുകയറും വമ്പൻ കപ്പിയും ഓർമ്മയിൽ മങ്ങി നിൽപ്പുണ്ട്. പറമ്പിന്റെ മധ്യഭാഗത്ത് വടക്കു വശത്തായി ഒരു വലിയ മുളങ്കാടുള്ളതിൽ പാമ്പുകൾ പടം പൊഴിക്കാറുണ്ടായിരുന്നു. പറമ്പിന്റെ മധ്യഭാഗത്തായി ഒരു പുളിമരമുണ്ടായിരുന്നു. അതിനു വടക്കായി കുഴികുത്തി രണ്ടു മരപ്പലക വച്ചു ഇരിക്കാനിടമുണ്ടാക്കി മരക്കൊള്ളിത്തണ്ടും തെങ്ങോലയും വച്ചു മറച്ചതായിരുന്നു കക്കൂസ്. അതിൽ തൂറണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അകലെ നിന്ന് ഞാൻ ഒന്നു എത്തിച്ചു നോക്കിയപ്പോൾ അമേദ്യത്തിൽ ഞുളയ്ക്കുന്ന പുഴുക്കളും മണികണ്ടനീച്ചകളുമാണുണ്ടായിരുന്നത്. ആരോ കിണ്ടിയിൽ കൊണ്ടുപോയ വെള്ളം കൊണ്ടു ഊരകഴുകിയതിന്റെ നനവും മണ്ണിൽ കാണാം. കുട്ടിയായ ഞാൻ പയറും വാരത്തിൽ  തൂറുന്നതായിരുന്നു അമ്മയ്ക്കിഷ്ടം. അതുകൊണ്ട് എന്നെ പേടിപ്പിക്കാൻ അമ്മ രണ്ടു കഥകളുണ്ടാക്കി. ഒന്ന്, പുളിമരത്തിൽ ആരോ മരിച്ചിട്ടൂണ്ട്. രണ്ട്, മുളങ്കാട്ടിൽ കുട്ടികളെ പിടിക്കുന്ന ഒരു ഓരിക്കൂരുക്കനുണ്ട്. അമ്മ കറിക്കു പയറു പറിക്കുന്നതു കണ്ട് ഞാൻ വാർന്നു വീഴുന്ന പയർനാമ്പുകളും പറിക്കാൻ തുടങ്ങിയപ്പോൾ പയറ് പറിക്കുന്ന കുട്ടികളെ ഓരിക്കുറുക്കൻ പിടിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

മരണമെന്തെന്നു അറിയാത്തതിനാൽ പുളിമരത്തിനടുക്കലേക്കു പോകാൻ എനിക്കൊരു മടിയുമുണ്ടായില്ല, എങ്കിലും പുളിമരവും മരണവും തമ്മിലെന്തോ ബന്ധമുള്ളത് ഞാൻ മനസ്സിൽ സൂക്ഷിച്ചു. അതിനാൽ ആരെങ്കിലും കെട്ടിത്തൂങ്ങിച്ചത്തു എന്നു കേട്ടാൽ ഉടൻ ഒരു പുളിമരകൊമ്പിലാണു ഞാനയാളെ ഇപ്പോളും സങ്കല്പിക്കുക. ഒരു നാൾ അറിയാതെ തന്നെ വാർന്നു വീഴുന്ന പയറു പറിച്ച ഞാൻ ഓരിക്കുറുക്കന്റെ കാര്യം ഓർത്തു. എന്തായാലും പയറു പറിച്ച കുറ്റത്തിനു ഓരിക്കുറുക്കൻ എന്നെ പിടിക്കും. അതിനാൽ അന്തസ്സോടെ ഓരിക്കുറുക്കനരികിലേക്കു പോകാൻ ഞാൻ നിശ്ചയിച്ചു. ഓരിക്കുറുക്കനുണ്ടെന്നു പറയുന്ന ഇല്ലിമുളങ്കാട് ഞാൻ വിശദമായി പരിശോധിച്ചു. അവിടെങ്ങും ഓരിക്കൂറുക്കനെ കണ്ടില്ല. ഞാൻ പൊട്ടിച്ച പയർ ഓരിക്കുറുക്കനെ കാട്ടാൻ കൊണ്ടുപോയിരുന്നു. അതുമായി തിരിച്ചു വരുമ്പോൾ അമ്മ കണ്ടു. അമ്മ സങ്കടത്തോടെ പറഞ്ഞു. നിന്നെ ഓരിക്കുറുക്കൻ പിടിക്കും. അമ്മയുടെ സങ്കടം കണ്ട് ആശ്വസിപ്പിക്കാനായി ഞാൻ പറഞ്ഞു. ഞാൻ ഓരിക്കുറുക്കനെ കാണാൻ പോയിരുന്നു. അപ്പോ ഓരിക്കുറുക്കൻ എന്തു ചോദിച്ചു? പയറുപൊട്ടിക്കാൻ പ്രായമായോന്ന്? അത്ര തന്നെ. എന്റെയും അമ്മയുടേയും ഓരിക്കുറുക്കൻ പേടി അതോടെ മാറി.

വീട്ടിൽ കിണറു കുത്തി വെള്ളം കാണുന്നതു വരെ തെക്കേ വീട്ടിലെ മാണിക്ക തട്ടാന്റെ വീട്ടിൽ നിന്നാണു അമ്മ വെള്ളം കൊണ്ടു വന്നിരുന്നത്. വലിയ ചെമ്പു പാത്രത്തിൽ അമ്മ വെള്ളം തലച്ചുമടായി കൊണ്ടു വരും. ചിലപ്പോളെല്ലാം എന്നെയും കൊണ്ടുപോകും. വെള്ളം കോരുന്നത് പാളകോട്ടിയുണ്ടാക്കിയ പാത്രത്തിലാണ്. തെങ്ങിൻ ചകിരി കൊണ്ടുണ്ടാക്കിയ കയറും മരക്കപ്പിയും. പാളയിൽ കോരിയ വെള്ളത്തിനു വല്ലാത്ത തണുപ്പാണ്. കണ്ണീർ പോലത്തെ വെള്ളം പാളയുടെ വെളുപ്പു മുഴുവൻ കാട്ടിത്തരും. കിണറ്റിൽ നിന്നു വീട്ടിലേക്കു വരുന്ന വഴിക്കു ഒരു യക്ഷിപ്പാലയുണ്ട്. എപ്പോളും അതിൽ വെളുത്ത പൂക്കളുണ്ടായിരിക്കും. പൂവിന്റെ അരികുകളിൽ മാത്രം ചുവപ്പു നിറമുണ്ട്. അമ്മയ്ക്കു ആ പാലമരത്തെ പേടിയായിരുന്നു. അതിന്റെ കീഴെ സർപപ്രതിഷ്ഠകളുമുണ്ട്. മാണിക്ക്യതട്ടാന്റെ വീട്ടിലേക്കു വരുന്ന വഴിയുടെ വലതു വശത്തായി സാമാന്യം വലുപ്പമുള്ള രണ്ടു കൊട്ടിലുകളുമുണ്ട്.

അക്കാലങ്ങളിൽ അമ്മയുടെ അടുത്തല്ല മുത്തശ്ശിയുടെ അടുത്താണു ഞാൻ കിടക്കുക. അമ്മ ആയിടെ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. മുത്തശ്ശിക്കു പെൺകുട്ടികളെ അത്ര ഇഷ്ടമല്ലായിരുന്നു എന്നു എനിക്കു മനസ്സിലായി. വീടിന്റെ ചായിപ്പ് ഒരു വിധം നന്നാക്കിയെടുത്തിരുന്നു. അച്ചനു പെൺകുട്ടികളെ ഇഷ്ടമായിരുന്നു. കുഞ്ഞുവാവ അച്ചന്റെ കയ്യിൽ ഇരിക്കുമ്പോളാണു ഞാൻ അങ്ങോട്ടു ചെന്നത്. ചെന്നപാടെ ഞാൻ കരച്ചിൽ തുടങ്ങി. ആ ചാളപ്പെണ്ണിനെ എടുത്ത് കനാലിലിട്. എല്ലാരും മതിയാകുവോളം ചിരിച്ചു. ഞാൻ കരച്ചിലും നിറുത്തി.

ആയിടക്കു എനിക്കു കലശലായ അസുഖം വന്നു. തിന്നുന്നതെല്ലാം ദഹിക്കാതെ അപ്പാടെ തൂറിപ്പോകുന്നതായിരുന്നു രോഗം. പലരേയും കാട്ടിയിട്ടും പ്രയോജനമില്ലാതെ വന്നപ്പോൾ ഒരു വൈദ്യന്റെ അസാധാരണമായ ചികിത്സ തുടങ്ങി. ഗ്രഹിണിക്കായിരുന്നു ചികിത്സ. നാഴി മുത്തങ്ങ പറിച്ചു ചുരണ്ടിയെടുത്ത് ആട്ടിൻ പാലിൽ കഴുകിയുണക്കി, പശുവിൻ പാലിൽ കഴുകിയുണക്കി, ഗോമൂത്രത്തിൽ കഴുകിയുണക്കി, തുമ്പപ്പാലിൽ കഴുകിയുണക്കി, പിന്നേതോ ഒരു പാലിലും കഴുകിയുണക്കി ഇടിച്ചുപൊടിച്ച് കുപ്പിയിലാക്കി വച്ച് കുറേശ്ശെ കുട്ടിയായതുകൊണ്ട് ഒരു നുള്ള് പഞ്ചസാരയും കൂടി കൂട്ടി കഴിക്കുകയായിരുന്നു ചികിത്സ. എനിക്കു ആറേഴു വയസ്സാകും വരേക്കും ചിലപ്പോളെല്ലാം ആ മരുന്നുണ്ടാക്കി തരുമായിരുന്നു.  പഥ്യമായി അരിഭക്ഷണം പരിപൂർണ്ണമായി വിലക്കിയിരുന്നു. ഉച്ചയ്ക്കു എല്ലാരും കഞ്ഞികുടിക്കാറാകുമ്പോൾ മുത്തശ്ശി എന്നേയുമെടുത്ത് പുറത്തേക്കിറങ്ങും. കുറേ കഴിഞ്ഞ് വീട്ടു പടിക്കലെത്തി ഉറക്കെ വിളിച്ചു ചോദിക്കും. നിങ്ങടെ അമറോത്ത് കഴിഞ്ഞോ? ചോറൂണു എന്നു പറഞ്ഞാൽ ഞാൻ മനസ്സിലാക്കി വാശിപിടിച്ചാലോ എന്നായിരുന്നു പേടി. അങ്ങനെ കുറേക്കാലം കഞ്ഞികുടിക്കാതെ കഴിഞ്ഞു. പഞ്ഞപ്പുല്ലു കുറുക്കിയതായിരുന്നു അന്നത്തെ പ്രധാന ഭക്ഷണം.

മുത്തശ്ശിയുടെ ചെറുപ്പകാലത്ത് സ്ത്രീകൾ റൌക്ക ധരിക്കുക പതിവായിരുന്നില്ല. അല്പം കറുത്തു സുന്ദരിയായിരുന്ന മുത്തശ്ശി നീണ്ട് കിടന്ന മുലകൾക്കു മേലേ ഒരു നീളൻ തോർത്തിടും. അത്ര തന്നെ. പക്ഷേ ചെല്ലുന്ന എല്ലാ ഇടങ്ങളിലും ആദരവു ലഭിക്കുന്ന പ്രകൃതമായിരുന്നു. മുത്തശ്ശി കരയുകയോ സംശയം പ്രകടിപ്പിക്കുകയോ ചെയ്തതായി ഞാനിതുവരെ കണ്ടിട്ടുമില്ല.

എന്നെയുമെടുത്ത് ഏറെ നടന്നു തളർന്നാൽ അല്പനേരം മാണിക്കതട്ടാന്റെ വിശാലമായ കരിചേർത്ത സമന്റിട്ട ഇറയത്തു മുത്തശ്ശി ഇരിക്കും. തമാശക്കാരനായിരുന്നു മാണിക്കതട്ടാൻ. ഉച്ചയായാൽ പൂട്ടുകഴിഞ്ഞു പോത്തുകളെയും അഴിച്ചിട്ട് തീറ്റാൻ പോകുന്ന മധ്യവയസ്കനെ പതിവായി ഞാൻ ശ്രദ്ധിക്കുമായിരുന്നു.  എന്താ അയാളെ വിളിക്കണോ എന്നായി തട്ടാൻ. ശരിയെന്നു ഞാനും. പോത്തുനോട്ടക്കാരൻ പുഞ്ചിരിയോടെ എന്റെയടുത്തു വന്നു നിന്നു. ചേട്ടാ, അതിലാ കുഞ്ഞിപ്പോത്തിന്റെ ഒരു കാലെനിക്കു തരുവോ? കൂട്ടാൻ വക്കാനാ. എന്റെ ചോദ്യം പക്ഷേ ആരേയും ചിരിപ്പിച്ചില്ല. മാണിക്കതട്ടാൻ എന്നെ മടിയിലിരുത്തി പറയാൻ തുടങ്ങി. ഈ ഇറയത്തിന്റത്രേം പോന്ന ഒരു ഇല വയ്ക്കണം. ഒരു മലയോളം പൊക്കത്തിൽ ചോറു വിളമ്പണം. അതിൽ ഈ പോത്തിന്റെ ഒരു കൊറു തന്നെ നമുക്കു കറി വയ്ക്കണം. പിന്നൊരു നൂറുകൂട്ടം വേറെ കറികളും. എന്നിട്ട് രാവിലെ മുതൽ വൈകുന്നേരം വരെ തീറ്റ തന്നെ തീറ്റ. മോന്റെ ഈ അസുഖമൊന്നു മാറിക്കോട്ടേ. എന്താ സമ്മതമല്ലേ. പോത്തുകാരനും ഞാനും സമ്മതിച്ചു. ആ സന്തോഷത്തിൽ ഞാൻ പാടിയ പാട്ട് ഇപ്പോളും ഓർക്കുന്നു.

അയാമിന്റെ പടിക്കൽക്കൂടി പോത്തുംവണ്ടി ജാത്താഹൈ. അന്നത്തെ ചേട്ടന്മാരുടെ ഹിറ്റ് ഗാനമായിരുന്നു അത്.

എല്ലാ ശിശുക്കളുടേയും സ്മരണകളിൽ നല്ലൊരു പങ്കും തിന്നലും തൂറലും മൂത്രമൊഴിക്കലുമായി ബന്ധപ്പെട്ടാണെന്നു പറഞ്ഞു കേട്ടിട്ടുള്ളത് എന്നെ സംബന്ധിച്ച് ശരി തന്നെയാണ്. ചെറുപ്പത്തിലേ തിന്ന മാങ്ങയും പുല്ലുകുറുക്കും തിന്നാനാകാതെ പോയ ചോറും ഞാൻ നിന്നോടു പറഞ്ഞു കഴിഞ്ഞു.

ഒരു ദിവസം ഞാൻ ഒരു വിര തൂറിയത് വീട്ടിൽ ചെറിയ പ്രശ്നമുണ്ടാക്കി. വിരയെ ആദ്യം കണ്ടതും അമ്മയെ സത്യസന്ധമായി കാട്ടിക്കൊടുത്തതും ഞാൻ തന്നെയാണ്. അക്കാലത്ത് കുട്ടികൾ വിര തൂറുന്നത് അത്ര അസാധാരണമല്ലായിരുന്നു. ഇപ്പോൾ കൃമി തൂറുന്നതുപോലെ മാത്രമായിരുന്നു അന്ന് വിരതൂറുന്നതിനെ പരിഗണിച്ചിരുന്നതും. ആണ്ടിഫാറം എന്നു സാധാരണക്കാർ വിളിച്ചിരുന്ന ഒരു മരുന്നായിരുന്നു വില്ലൻ. അക്കാലത്തെ പ്രമുഖ അപ്പാത്തിക്കീരിമാരായിരുന്ന ജോർജ്ജ് ഡോക്ടറും ആനിഡോക്ടറും ആണ്ടിഫോറത്തിന്റെ പ്രചാരകരായിരുന്നു. അവർ അന്നു മരുന്നു വിതരണം കൂടി നടത്തിയിരുന്നു. അങ്ങനെ എന്റെ അമ്മായിയുടെ ഒരു പൊന്നുമോളോട് ആണ്ടിഫോറം കഴിക്കാനാവശ്യപ്പെട്ടപ്പോൾ അവൾ വേണ്ടാ വേണ്ടാ എന്നു പല ആവർത്തി പറഞ്ഞതാണ്. നിർബന്ധിപ്പിച്ചു മരുന്നു കുടിപ്പിച്ചു അര മണിക്കൂറു കഴിയും മുമ്പ് മൂക്കിലൂടെയും വായിലൂടെയും വിര പുറത്തു ചാടി ശ്വാസം മുട്ടി ചത്തുപോയിരുന്നു പാവം. അമ്മയുടേയും ചക്കരമുത്തായ ആ ചേച്ചിയുടെ അകാലമൃത്യു ആണ്ടിഫോറത്തിനെതിരായ ഒരു വികാരം സൃഷ്ടിച്ചിരുന്നു. പക്ഷേ മുത്തശ്ശി ഇടപെട്ടു.ആണ്ടിഫോറം കഴിച്ചിട്ടും ഒന്നും സംഭവിക്കാത്ത അനേകം ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അങ്ങനെ ഞാനും ആണ്ടിഫോറം കഴിച്ചു, ഒന്നും സംഭവിച്ചില്ല. ചേട്ടന്മാരിലാരോ ആണ്ടിഫോറം കഴിച്ച് പാതി ദഹിച്ചുപോയ ഒരു വിരയെ തൂറി എന്ന കഥയും കേൾക്കാനിടവന്നിട്ടുണ്ട്.

അര പൈസക്കു പോലും വിലയുണ്ടായിരുന്ന അക്കാലത്ത് ഞാൻ നാലണ അതായത് ഒരു ഇരുപത്തിയഞ്ചു പൈസാ നാണയം വിഴുങ്ങാനിടയായി. അതൊക്കെ സർവസാധാരണമായിക്കണ്ട് എല്ലാവരും അവഗണിച്ചു. പിറ്റേന്ന് ഞാൻ രാവിലെ തൂറാനിരുന്നപ്പോൾ എനിക്കു ചുറ്റും ഒരാൾക്കൂട്ടമുണ്ടായിരുന്നു. ഭാഗ്യത്തിനു എന്റെ തീട്ടത്തിൽ നാണയവുമുണ്ടായിരുന്നു. അവരത് കഴുകിയെടുത്തു കടയിൽകൊണ്ടുപോയി മാറി.

എന്റെ ചെറുപ്പത്തിൽ നടന്നു മൂത്രമൊഴിച്ചു ഞാൻ ചിലപ്പോളെല്ലാം ചിത്രം വരയ്ക്കാറുണ്ടായിരുന്നു. ഒരു ദിവസം അനിയത്തി ഇരുന്നു മൂത്രമൊഴിക്കുന്നതു കണ്ട് ഞാൻ എത്തിച്ചു നോക്കി. പെണ്ണുങ്ങളെ മൂത്രമൊഴിക്കാനും കൂടി സമ്മതിക്കില്ലത്രേ എന്നമ്മ ശാസിച്ചതുകേട്ട് ഞാൻ നിരീക്ഷണം മതിയാക്കി. അന്നാണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം എനിക്കു മനസ്സിലായത്. പിന്നീട് അത്തരം പരിപാടിക്കു ഞാൻ നിന്നിട്ടില്ല.

ആയിടക്കു വീടുപണി മുഴുവനാക്കാൻ അച്ചൻ ഇരുപതു സെന്റു സ്ഥലം ഉണ്ണി തട്ടാനു വിറ്റു. ഞങ്ങളുടെ വീടിനും മാണിക്ക തട്ടാന്റെ വീടിനും ഇടയിൽ പുതിയ വീടും വേലിയും വന്നു. സ്വർണ്ണത്തിന്റെ വില നിരന്തരം കൂടി വന്നിരുന്നതിനാൽ സ്വർണ്ണം വാങ്ങി പണിതിരുന്ന തട്ടാന്മാർക്കെല്ലാം നല്ലകാലമായിരുന്നു അന്ന്. അക്കാലത് അവർ നാട്ടിലെല്ലാം പറമ്പു വാങ്ങിക്കൂട്ടിയിരുന്നതായി കേട്ടിട്ടുണ്ട്. സ്വത്ത് കുമിഞ്ഞു കൂടിയതോടെ അമ്പതും നൂറും പവൻ സ്ത്രീധനമൊക്കെ കൊടുക്കാനാളുണ്ടായി. അതു കിട്ടിയാൽ പൊന്നിൻ ബിസിനസ്സിൽ ഇറക്കാൻ കച്ചകെട്ടി സ്ത്രീധനം തോനെ കിട്ടിയാലേ പെണ്ണുകെട്ടു എന്നു തട്ടാച്ചെറുക്കന്മാരും വാശികാട്ടിതുടങ്ങി. കച്ചവടം നടത്തുകയോ കടകൾക്കു ചരക്കു കൊടുക്കുകയോ ചെയ്യാതെ വീട്ടിൽ ആൺപെൺഭേദമില്ലാതെ പൊന്നുംപണി ചെയ്തുവന്ന മാണിക്കതട്ടാനെപ്പൊലുള്ളവർക്ക് തിരിച്ചടിയുടെ കാലവുമായിരുന്നു. പൊന്നിലെ ലാഭം പണിക്കൂലി കുറച്ചു കൊടുത്തുകൊണ്ട് കടക്കാർ ആഘോഷിച്ചു. പണപ്പെരുപ്പത്തിനു മുമ്പിൽ നിലവിലെ കൂലിപോലും വിലകെട്ടതായി. സ്ഥിരം പൊന്നുപണിതിരുന്ന തട്ടാനും കുടുംബവും വെള്ളിപ്പണിയിലേക്കു ചുവടുമാറ്റി. നാട്ടിലെ ഏറ്റവും പ്രസിദ്ധിയും ഭൂസ്വത്തുമുള്ള തട്ടാന്റെ മൂന്നു മിടുമിടുക്കി പെണ്മക്കളും കെട്ടാചരക്കായി പുരയിലൊതുങ്ങി. ഒരു മകൾക്ക് ഭ്രാന്തു പിടിച്ചു. കാലക്രമത്തിൽ ഏകമകൻ ആത്മഹത്യചെയ്തു.

 വീട്ടിലെ കിണറ്റിൽ ധാരാളം വെള്ളമുള്ളതുകൊണ്ട് അമ്മ മാണിക്കതട്ടാന്റെ വീട്ടിൽ പോകുന്നത് അപൂർവമായി. എങ്കിലും ഞാൻ ചിലപ്പോളെല്ലാം അവിടെ പോയിരിക്കാറുണ്ട്. കൊട്ടിലുകൾക്ക് അരികിലുള്ള അശോകവും ചെത്തിയുമെല്ലാം കൂടി ഒരു കാവിന്റെ പ്രതീതിയുണ്ടായിരുന്നു. നല്ല കാറ്റും വെട്ടവുമുള്ള അവിടെ ആദ്യകാലത്ത് വേലിയില്ലായിരുന്നു. കന്നുകാലികളുടെ ശല്യം കൊണ്ടാണെന്നു കരുതുന്നു, പിന്നീട് പുല്ലാനികൊണ്ടുള്ള വമ്പൻ വേലിക്കളായിത്തീർന്നു. അവയ്ക്കുള്ളിൽ ധാരാളം പുല്ലാനിമൂർഖന്മാരുണ്ടായിരുന്നു.

ഉണ്ണിതട്ടാന്റെ വീട്ടിൽ എന്റെ സമപ്രായക്കാരനായ മോഹനനും തൊട്ടു കിഴക്കേ വീട്ടിൽ എന്നേക്കാൾ ആറു ദിവസം മാത്രം പ്രായക്കുറവുള്ള നെത്സനും എന്റെ കളിക്കൂട്ടുകാരായി. വീട്ടിന്റെ ഉമ്മറത്ത് കുട്ടിയും കോലും കളിക്കാൻ ഇളയചേട്ടന്റെ കൂട്ടുകാർ വരാറുണ്ട്. അതൊക്കെ കണ്ടിരിക്കാൻ രസമാണ്.

എനിക്കു അഞ്ചു വയസ്സായതോടെ അമ്മ ഒന്നുകൂടി പെറ്റു. ഇത്തവണ ആൺകുട്ടിയായിരുന്നു. മുത്തശ്ശിക്കു അതിഷ്ടമായി. അനിയത്തിക്കും അമ്മയുടെ അടുത്തു നിന്നും സ്ഥലം മാറ്റം ലഭിച്ചതോടെ അവൾ എന്റെ പിറകിൽ നിന്നു മാറാതെയായി. എന്റെ തൊട്ടു മൂത്ത ചേച്ചിയും അവളുടെ കാര്യം ശരിയായി നോക്കി. ചേച്ചി അന്നു സ്കൂളിൽ പോകുന്നുണ്ട്. മൂന്നിലോ നാലിലോ മറ്റോ ആണ്.

അക്കാലത്തു ഭീകരമായ ഒരു ക്ഷാമം പാവപ്പെട്ടവർക്കിടയിൽ വ്യാപകമായി. കരിഞ്ചന്തയിലല്ലാതെ അരി കിട്ടാനില്ലാതെയായി. ഗോതമ്പും മക്രോണിയുമായിരുന്നു മരക്കിഴങ്ങിനും കാച്ചിലിനും വാഴമാങ്ങിനുമൊപ്പം ആളുകൾ കഴിച്ചിരുന്നത്. ചേച്ചി ജനിച്ചധികം വൈകാതെ ന്യൂമോണിയ ബാധിച്ച് രക്തം ഛർദ്ദിച്ച് അവശനായ അച്ചന്റെ ആരോഗ്യകാര്യത്തിലും നെല്ലുകുത്തി മിച്ചം പിടിച്ച് ഇക്കാണുന്നതെല്ലാം ഉണ്ടാക്കിത്തന്ന മുത്തശ്ശിയുടെ കാര്യത്തിലും ശ്രദ്ധയുള്ളതിനാൽ അവർക്കിത്തിരി കഞ്ഞി കിട്ടിയേക്കും. ഗോതമ്പു കഞ്ഞിയോ മരക്കിഴങ്ങോ ആണ് മറ്റുള്ളവർക്കെല്ലാം. മുത്തശ്ശിക്കു കിട്ടുന്നതിൽ നിന്നും ഓരോ ഉരുള ചോറ് ആൺകുട്ടികൾക്കെല്ലാം മുത്തശ്ശി കൊടുക്കും. അനിയത്തിക്കു ചിലപ്പോൾ കുട്ടിയെന്നു കരുതി വല്ലപ്പോളും അച്ചനും ഒരു പിടി കൊടുത്താലായി. ചേച്ചിക്കും അമ്മയ്ക്കും ആരും കൊടുക്കാനില്ല. അന്നു സ്കൂളിൽ പോകുന്ന കുട്ടികൾക്ക് വീട്ടിൽ നിന്നും ചോറു കൊടുത്തയക്കാറില്ല. ഒഴിഞ്ഞ ഒരു പാത്രം കൊണ്ടു പോകും. അമേരിക്കൻ സോയാബീൻ കൊണ്ടോ നുറുക്കു ഗോതമ്പുകൊണ്ടൊ ഉണ്ടാക്കിയ ഉപ്പുമാവു തിന്നാൻ കിട്ടിയേക്കും. ചേച്ചി പക്ഷേ സ്വന്തം കാര്യം മാത്രമല്ല നോക്കിയത്. കോൺവെന്റ് സ്കൂളിലെ സിസ്റ്റർമാർക്കു വിടുവേല ചെയ്ത് വൈകുന്നേരമാകുമ്പോൾ ഒരു പാത്രമോ ഒരു പൊതിയോ നിറയേ മഞ്ഞപ്പൊടിയോ ഗോതമ്പോ പാൽപ്പൊടിയോ ഒക്കെ കൊണ്ടുവന്നു ഞങ്ങളെ തീറ്റുന്ന കാര്യം കണ്ണീരോടെയേ ഓർക്കാനാകൂ. സ്കൂളും മുറ്റവും അടിയ്ക്കാനോ വപ്പു പുരയിൽ സഹായിക്കാനോ ഒക്കെ നിൽക്കുന്നതുകൊണ്ട് ചേച്ചിക്ക് ശരിയായി പഠിക്കാനായില്ല. ഒന്നിലും മൂന്നിലും മാത്രമാണു ചേച്ചി തോൽക്കാതിരുന്നത്.  ആറാം ക്ലാസ്സിൽ മൂന്നുകൊല്ലമാണു പഠിച്ചത്. പഠിപ്പു നിറുത്തിയതിന്റെ പിറ്റേക്കൊല്ലം തന്നെ തന്റെ പതിനേഴാം വയസ്സിൽ ചേച്ചി വിവാഹിതയായി. ഭത്താവും അധികം പഠിച്ചയാളായിരുന്നില്ല. എങ്കിലും അവരുടെ മക്കൾ മത്സരിച്ച് റാങ്കും ഡോക്ടറേറ്റുമൊക്കെ നേടി ആ അമ്മയ്ക്കു സമ്മാനിച്ചു.

നാലാം വയസ്സിൽ ഞാൻ അടുത്തുള്ള കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ തുടങ്ങിയിരുന്നു. ചിലപ്പോളെല്ലാം അടയ്ക്കയും കശുവണ്ടിയും പകരം കൊടുത്താണ് സാധനങ്ങൾ വാങ്ങിയിരുന്നത്. അന്ന് എന്നെ ആരെങ്കിലും പറ്റിച്ചേക്കാം എന്നൊരു മുന്നറിയിപ്പ് മുത്തശ്ശി നൽകിയിരുന്നതുകൊണ്ട് പണത്തിന്റെ കാര്യത്തിൽ ഞാൻ കണിശമായ ജാഗ്രത അക്കാലത്തു പുലർത്തിയിരുന്നതായാണ് ഓർമ്മ. എന്തു സാധനം വാങ്ങിയാലും കണക്കു കൂട്ടി ബാക്കി കിട്ടേണ്ട തുക തിരിച്ചു വാങ്ങിയിട്ടേ ഞാൻ തിരിച്ചു വരാറുള്ളൂ. അന്നു അരിക്കു ലിറ്ററിനു തൊണ്ണൂറു പൈസയും കിളിയുടെ ആകൃതിയിലുള്ള ബിസ്കറ്റ് പത്തെണ്ണത്തിനു ഒരു പൈസയും ആയിരുന്നു എന്നും ഞാൻ ഓർക്കുന്നുണ്ട്. അന്നത്തെ പ്രസിദ്ധമായ മിഠായി ബ്രാന്റ് പല്ലൊട്ടിയായിരുന്നു. ഈ പാട്ടു കേട്ടിട്ടില്ലേ നീ?

ജില്ലം ജില്ലം പല്ലൊട്ടി
പൈസക്കു രണ്ട് പല്ലൊട്ടി
പല്ലുമ്മൊട്ടണ പല്ലൊട്ടി
ജില്ലം ജില്ലം പല്ലൊട്ടി

അക്കാലത്ത് തമിഴ്നാട്ടിൽ നിന്നും നായ്ക്കന്മാരെന്നു പേരായ ഒരു കൂട്ടം കർഷകതൊഴിലാളികൾ കേരളത്തിൽ പണിതേടി വരാൻ തുടങ്ങി. അവരുടെ കയ്യിൽ ഇന്നു നാം കോരിയെന്നു വ്യവഹരിക്കുന്ന നായ്ക്കൻ തൂമ്പകളുണ്ടായിരുന്നു. കേരളത്തിൽ തെങ്ങു കൃഷി ഇത്ര വ്യാപകമാകാനുണ്ടായ ഒരു കാരണം ഈ നാടോടി തൊഴിലാളികളാണ്. ഒരു തെങ്ങിൻ കുഴിക്കു അമ്പതു പൈസയോ ഒരു രൂപയോ ഒക്കെ വച്ച് അവർ തരം പോലെ നിരക്കു നിശ്ചയിക്കും. അങ്ങനെ ഒരു ദിവസം കൊണ്ട് അമ്പതു കുഴികളൊക്കെ അവർ നിഷ് പ്രയാസം കുത്തും. അങ്ങോട്ടൊരു നാലു വാരൽ ഇങ്ങോട്ടൊരു നാലു വാരൽ കള്ളപ്പണി എന്നാണു അമ്മ അതേക്കുറിച്ച് പറയുക. എങ്കിലും മുത്തശ്ശി അവരെക്കൊണ്ട് അമ്പതോളം കുഴികൾ കുത്തിച്ചു. അതിലെല്ലാം പാകി മുളപ്പിച്ച തെങ്ങിൻ തൈ നട്ടു. പിന്നെ ഒരു ഉത്സവം പോലെയായിരുന്നു. കനാലിൽ നിന്നും കിണറ്റിൽ നിന്നും സൌകര്യം പോലെ കുടം കൊണ്ടു മുക്കിക്കൊണ്ടു വന്നു നനയ്ക്കും. അതിലൊന്നു പോലും പിടിയ്ക്കാതിരുന്നില്ല.

അക്കാലത്തൊരു ദിവസം അമ്മ എന്നെ സ്കൂളിൽ കൊണ്ടുപോയി ചേർത്തു. നെത്സനും അവന്റെ അമ്മയും കൂടെയുണ്ടായിരുന്നു. എന്റെ ജനനതീയതി നെത്സന്റെ ജനനതീയതിയേക്കാൾ ആറു ദിവസം കുറച്ചു പറയുകയായിരുന്നു. പിറ്റേന്നു മുതൽ രണ്ടു കിലോ മീറ്റർ അകലെയുള്ള സ്കൂളിലേക്ക് ഞാൻ ചേട്ടന്റെ കൂടെ നടന്നു പോകാൻ തുടങ്ങി. എന്റെ പെരുമാറ്റങ്ങളിൽ പ്രകടമായ മാറ്റങ്ങളുണ്ടായി. അതോടെ ഞാൻ ബാല്യത്തിലേക്കു പ്രവേശിച്ചു.

Friday, January 28, 2011

ആട്ടിൻ കുട്ടിയും പശു കുട്ടിയും പഴത്തൊലിയും

അവർക്കു തൊലി കൊടുക്കാൻ മാത്രം ഞാൻ പഴം തിന്നു. എന്റെ കയ്യിൽ നിന്നും പഴം മാത്രം വാങ്ങി തിന്നാറുള്ള ആട്ടിൻ കുട്ടിയെ ഇത്തവണ ഞാൻ അവഗണിച്ചു. ആരേയും കൂസാത്ത പശുക്കുട്ടി പഴത്തൊലി കണ്ടിട്ടു തിരിഞ്ഞു നോക്കിയില്ല; പക്ഷേ അതെന്നെ സാകൂതം നോക്കി. പിന്നെ കൊച്ചു കൊമ്പു കുലുക്കി കുത്തനാഞ്ഞു. ചിരിച്ചു കൊണ്ടു ഞാനതിന്റെ നെറുകയിൽ തലോടിയപ്പോളാണു അതടങ്ങിയത്. ആട് എന്നോടു പിണങ്ങി തൊലി തിന്നാൻ മടിച്ചു. പിന്നെ മടിച്ചാണെങ്കിലും വന്നെന്നോടു ചേർന്നു നിന്നു തീറ്റ തുടങ്ങി.

ഞാനൊന്നു ചോദിക്കട്ടെ?

ഞാനീ പറഞ്ഞതും അനുഭവിച്ചതും ആടിന്റെയും പശുവിന്റെയും വികാരങ്ങളാണോ അതോ ഞാൻ എന്റെ വികാരങ്ങൾ അവയിൽ ആരോപിച്ചതാണോ?

ആടിന്റെയും പശുവിന്റെയും വികാരങ്ങളെക്കുറിച്ചു എന്തെങ്കിലും ഊഹിക്കാനായ എനിക്കു ഒരു പുൽക്കൊടിയുടെ വികാരങ്ങൾ പോലും അറിയാനാകുന്നില്ല.

പുൽക്കൊടിക്കു വികാരങ്ങളില്ലെന്നു ജെ.സി. ബോസ് സമ്മതിക്കില്ല.

ശരി, പോട്ടേ, ഞാൻ അറിവില്ലാത്തവനായിരിക്കാം.

പക്ഷേ അറിവുള്ള ആർക്കറിയാം എന്റെ മനോവികാരങ്ങൾ?